Saturday, April 14, 2018

ഒരു യാത്രയുടെ ഓർമ..!


ഞങ്ങൾ മൂന്നുപേർ. വ്യത്യസ്ത ധ്രുവങ്ങളിൽ ചിതറിക്കിടന്ന രണ്ടു ദ്വീപുകളിൽ നിന്ന് ഒരു വൻകരയിലേക്ക് -കാഴ്ചയുടെ തുറന്ന കണ്ണുമായിക്കൂടിച്ചേർന്ന മൂന്നുപേർ. രണ്ടുപേർ ഒരുദ്വീപിൽ ഹൃദയങ്ങൾ കൈമാറുന്ന സ്ത്രീ പുരുഷ ബന്ധത്തിന്റെ മാതൃകകൾ. മനസ്സിൽ അടിയുന്ന പൂഴിമണ്ണിൽ പോലും ചിന്താ ധാരയാൽ ശിപ്പങ്ങൾ മെനയുന്ന മിത്രം സുജ സരോജിനിയും, ഭൗതികതയിൽ അടിഞ്ഞുകൂടിയ പാഴ് മണ്ണ് മനോവേഗതയാൽ മറികടക്കുന്ന അനന്ദനുമാണ് ആ രണ്ടു പേർ. പത്തു പതിറ്റാണ്ടുകളോളം രബീന്ദ്ര സംഗീതത്തിൽ ആലസ്യമാണ്ട് കിടന്ന  ശാന്തിനികേതനും ടാഗോർ സ്മരണകളും സ്‌മൃതി ഭ്രമണങ്ങൾക്കു വിട്ടുകൊടുത്തുകൊണ്ട്  'ധർമപാലന്റെ' പരവതാനി പോലെ ചുവന്ന വങ്കല രാജ്യത്തെ പുരാതന മണ്ണിലൂടെ ഞങ്ങൾ സഞ്ചരിച്ചു. തൊണ്ട പൊത്തിക്കരയുന്ന ത്രാണിയില്ലാത്ത മൂന്നു സൈക്കിൾ പെടലുകളിൽ 'അമർകുതിർ' ( ഉൾഗ്രാമത്തിലെ കര കൗശല വസ്തുക്കൾ വിൽക്കുന്ന സ്‌ഥലം ) ലക്ഷ്യമാക്കി ഞങ്ങളുടെ പാദങ്ങൾ അമർന്നു.  

ചെഞ്ചോരപോലെ ഉറച്ച മണ്ണിൽ കറുത്ത അരഞ്ഞാണമായി ടാറിട്ട വീതി കുറഞ്ഞ റോഡ് നീണ്ടു നിവർന്നു കിടന്നു. മയൂരാക്ഷി നദിയുടെ കൈവഴിയായ നീർച്ചാലിനെ നെൽപ്പാടങ്ങളിൽ നിന്ന് വേർതിരിക്കുന്ന ബണ്ട് റോഡ് ആണ് ഞങ്ങളുടെ സഞ്ചാര പഥം. ഒഴുക്ക് കുറഞ്ഞുപോയെങ്കിലും ജലചിത്രങ്ങൾ പോലെ കൊയ്ത്തുകഴിഞ്ഞ പടിഞ്ഞാറ് മുട്ടുന്ന പാടങ്ങളും, ഇടതുവശത്തു മയൂരാക്ഷിനദിയുടെ കൈവഴിയും ഭ്രമിപ്പിച്ചു കൊണ്ടേയിരിക്കും. നവംബർ മാസം നാലാം തീയതി 4:57 ന് വങ്കല സൂര്യൻ ഞങ്ങൾ മൂവരും സൂരി- ബൽപൂർ പാലത്തിൽ നിന്ന് വലത്തേക്ക്‌ തിരിയുമ്പോൾ അസ്തമിക്കാൻ തയ്യാറെടുപ്പുകൾ നടത്തുന്നേയുണ്ടായിരുന്നുള്ളു...! പക്ഷെ ഞങ്ങൾ സൂരി- ബൽപൂർ പാലത്തിൽ എത്തണമെങ്കിൽ ഇനിയും 42 നിമിഷങ്ങൾ കൂടി വേണ്ടിവരും. അതാണല്ലോ നിയോഗം. ഞങ്ങൾ ഇതാ ഹൃദയ ചകോരങ്ങളെ ഉണർത്തുന്ന ബൗൾ സംഗീതത്തിലേക്ക് നിപതിക്കാൻ പോകുന്നു.

വലതുവശത്തു- സോനാജൂരി മരങ്ങൾ വശങ്ങളിൽ തണൽ വീശി നിൽക്കുന്ന ഒറ്റപ്പെട്ട ചെമ്മൺ മൈതാനം ഞങ്ങളെ വിളിക്കുന്നു. കമ്മാളൻമാരുടെ കരവിരുതുകൾ വിൽക്കുന്ന ഒരു ചന്ത. ഒരു ശനിയാഴ്ച ചന്തയുടെ ഉണർവിലേക്ക് ആ വെള്ളിയാഴ്ച ദിവസം ആലസ്യം പൂണ്ടു കിടന്നു. അങ്ങിങ്ങായി ചിതറിയ പായൽ പോലെ കമ്പിളിയിൽ നിരത്തിയ കരകൗശലങ്ങളും അവ പരിശോധിക്കുന്ന കാഴ്ചക്കാരും...! ശനിയാഴ്ചകളിൽ വെയിൽ താണ് മൂന്നു മണിമുതൽ വേഗം ഇരുളിലേക്ക് ചായുന്ന ചുരുങ്ങിയ സമയം മാത്രമാണ് വിൽക്കൽ-വാങ്ങലുകളുടെ സംഘർഷം പൂർണ്ണതയിൽ എത്തുക.  ചിത്രത്തുന്നലുകൾ, ഗോത്ര ആഭരണങ്ങൾ, കൗതുകകരമായ വീട് അലങ്കാര വസ്തുക്കൾ, ചായച്ചിത്രം, തടിയിൽ മെനഞ്ഞെടുത്ത ആഭരണങ്ങൾ, പച്ചക്കറികൾ, കാഴ്ചയിൽ- മനസ്സിൽ അത്ഭൂതവും അപരിചിതത്വവും നിറയ്ക്കുന്ന കമ്പോളം.

അവിടെ കൗതുകത്തിടമ്ബായി ഞങ്ങൾ തേടി നടക്കുന്ന 'ബൗൾ' ഗായകൻ പകലുകളിൽ നിഴൽവിരിക്കുന്ന സോനാജൂരി മരങ്ങൾക്കു കീഴിൽ  നിവർത്തിയിട്ട  കമ്പിളി പുതപ്പിലിരുന്നു വിനീതനായി പാടുകയാണ്... 'ഏക്താര'യിൽ നിന്നുള്ള ഒറ്റക്കമ്പി നാദം അടച്ചു തുറക്കുന്ന മൺചെപ്പിൽ നിന്നെന്നപോലെ യാചനയുടെ, വയറിന്റെ സംഗീതമായി പ്രവഹിക്കുന്നു..!

കഹനോമോ യാര് തോരി ധാവോ ധാവോരി...!'

സൂരി- ബൽപൂർ പാലത്തിലെ അസ്തമയം കടന്ന്  അമർകുതിർ കൗതുക ശാലയിൽ പോയി ഒന്നും വാങ്ങാതെ ശിലാഘനമുള്ള ഇരുളിലൂടെ ഞങ്ങൾ തിരികെ പെടലുകൾ അമർത്തി...!  മയൂരാക്ഷി നദിയുടെ കൈവഴി വരമ്പിലെവിടെയോ സോനാജൂരി മരങ്ങളും മൈതാനവും ചന്തയും കനത്ത ഇരുളിമയിൽ ഒരിക്കൽക്കൂടി നമുക്ക് ദൃശ്യമായില്ലെങ്കിലും ''കഹനോമോ യാര് തോരി ധാവോ ധാവോരി...!' അപരിചിതമായ വരികളിൽ  നിന്ന് ഹൃദയത്തിന്റെ ഭാഷയിലേക്ക് ഒരു വേദന പടരുകയാണ്...!

'കഹനോമോ യാര് തോരി ധാവോ ധാവോരി...!'   കേൾക്കൂ..!

ഈ ലോകത്തിന്റെ വഞ്ചിക്കാരാ നീ പങ്കായം  പിടിച്  ഞങ്ങളെ നേർവഴിക്ക് നയിച്ചാലും ...!

ഈ ലിങ്കിൽ ക്ലിക് ചെയ്യൂ..!




Friday, September 1, 2017

ദൈവ ഭാഷയുടെ ജനിതകം.




ആരോഗ്യപ്പച്ച മാസിക ജൂലായ് 2017 ലക്കം.

Thursday, May 19, 2016

സേവനതല്പരനല്ലാത്ത സാധാരണക്കാരൻ

പൊതുജനങ്ങളെ സേവിച്ച് കൃതാർത്ഥരാകാൻ സ്വജീവിതം ഉഴിഞ്ഞുവെച്ച മഹാന്മാരും മഹതികളും വായിച്ചറിയാൻ; സേവനതല്പരനല്ലാത്ത, ഭരണചക്രത്തെ ചൂണ്ടാണി വിരലിലിട്ട് അമ്മാനമാടാൻ കാര്യശേഷിയില്ലാത്ത ഒരേയൊരു സമ്മതിധാനാവകാശം മാത്രം സ്വന്തമായുള്ള  ഒരു സാധാരണ പൌരന്റെ ഉത്‌കണ്‌ഠ താഴെക്കാണും വിധം രേഖപ്പെടുത്തുന്നു:

നിങ്ങൾ ചിരിച്ചും ചിരിക്കാതെയും, മുടി ചീകിയും ചീകാതെയും, തൊഴുതും തൊഴാതെയും, മുഷ്ട്ടി ആകാശത്തേക്ക് ചുരുട്ടിയും ചുരുട്ടാതെയും ഫോട്ടോക്കടകളിൽ കുറച്ചു ദിവസങ്ങൾക്ക്മുന്നേ ചിലവിട്ട കഷ്ടതകൾ ഓർക്കുന്നുണ്ടാകുമെന്നു വിശ്വസിക്കുന്നു.

വെളുക്കാത്ത മുഖങ്ങൾ ചായമടിപ്പിച്ചു വെളുപ്പിക്കാൻ അണികളോടോപ്പം തന്നെ ചിലര്ക്ക് പ്രൊഫഷനൽ ചായമാടിക്കാരെയും വേണ്ടിവന്നിട്ടുണ്ടാകുമെന്നത് ഞങ്ങൾ വിസ്മരിക്കുന്നില്ല.

നിങ്ങളുടെ ഈ കഷ്ടപാടുകളെല്ലാം തന്നെ പൊതുജന സേവനമെന്ന മഹത്തായ ലക്ഷ്യത്തിനാണെന്ന്  തിരിച്ചറിയുംബോഴൊക്കെ ഞങ്ങളിൽ പലരുടെയും കൺകോണുകളിൽ കൃതഞാത തികട്ടി നനവു പടരുന്നുവെന്ന് ഇതോടൊപ്പം പറഞ്ഞുകൊള്ളട്ടെ.

DSLR ക്യാമറ ലൻസുകളിലൂടെ ഒപ്പിയെടുത്ത നിങ്ങളുടെ കോമളരൂപങ്ങൾ വീണ്ടും സാങ്കേതികമായി മെച്ചപ്പെടുത്തി  ഫ്ലെക്സ് എന്നറിയപ്പെടുന്ന പ്ലാസ്റ്റിക്‌ മാലിന്യത്തിൽ പതിപ്പിച്ച്  തെരുവോരങ്ങളിലും, പട്ടണങ്ങളിലും ഗ്രാമങ്ങളിലെ പ്രാന്ത പ്രദേശങ്ങളിലുമെന്നുവേണ്ട;  മുതുകിന് പിൻ ഭാഗത്തുകൂടെ ചായ നീട്ടിയടിച്ച് പതപ്പിച്ച് ചരിത്രം ശ്രിഷ്ട്ടിച്ച ഞങ്ങളുടെ 'രായപ്പേട്ടന്റെ' ചായക്കടയുടെ ചായ്പ്പിൽവരെ കെട്ടിത്തൂക്കിയും  ആണികൊണ്ട് തറച്ചും വാത്സല്ല്യം തുളുമ്പുന്ന- പ്രവാചകന്റെ കണ്ണുകളോടെ തന്നിലേക്ക് ആകർഷിപ്പിച്ച് കത്തുന്ന ചൂടിലും കാത്തു കിടന്നത് ഞങ്ങളുടെ ഹൃദയങ്ങളിൽ ഇതാ ഇപ്പോഴും തപാൽ മുദ്രപോലെ പതിഞ്ഞു കിടപ്പുണ്ട്...!

പക്ഷെ ഇപ്പോൾ നോക്കൂ...! മെയ്‌ 19 നു ശേഷം സൂര്യൻ ഉച്ചസ്ഥായിയിൽ എത്തുന്നതിനു മുന്പുതന്നെ നിങ്ങളിൽ പലരുടെയും ചിരി മാഞ്ഞുപോയിരിക്കുന്നു. പകരം പുച്ഛം എന്നുപറയാവുന്ന എന്തോ ഒരു ഇത്,  കടന്നൽക്കുത്തേറ്റ കുരങ്ങനെപ്പോലെ രൂപം കൊണ്ടുവരുന്നു...!, നിങ്ങളിൽ മറ്റു ചിലരെ നോക്കുമ്ബോൾ നേരത്തെയുണ്ടായിരുന്ന  പുഞ്ചിരിയുടെ സ്ഥാനം- ഒരുപിടി പിച്ചിപ്പൂവ്  കൈയിൽ വാരിയെടുത്ത്  കാര്യ കാരണമില്ലാതെ അട്ടഹസിക്കുന്ന രാവണ മഹാരാജാവിനെപോലെ ബീഭത്സ മായിക്കൊണ്ടിരിക്കുന്നു.

അതൊക്കെ എന്തുതന്നെയാകട്ടെ- ഞങ്ങൾക്കുവേണ്ടി മരണം വരെ ജീവിക്കാനും ചോരോയോ ചാരായമോ വേണ്ടത് എതോചിതം ചിന്താനും മനസ്സുറപ്പിച്ചിറങ്ങിയ മഹാത്മാക്കളെ; കയ്പ്പക്കായ പോലെ വിശാലമല്ലാത്ത എന്നാൽ പ്രകൃതിയാൽ വേണ്ടുവോളം അനുഗ്രഹിക്കപ്പെട്ടിരുന്ന കൊച്ചു കേരളത്തിലെ 'ഫ്ലെക്സ്' എന്ന പേരിൽ അറിയപ്പെടുന്ന പ്ലാസ്റ്റിക്‌ മാലിന്യം ചിരിച്ചുകൊണ്ടിരിക്കുന്ന നിങ്ങളോ, ചിരിപ്പിക്കാൻ ഇക്കിളി കൂട്ടിയ അണികളോ ചേർന്ന് സ്വയം അഴിച്ചെടുത്തു സംസകരിച്ചാൽ- ഞങ്ങളും, വരാൻ പോകുന്ന തലമുറകളും കുറച്ചുകാലം കൂടി ഭൂമി എന്ന വസ്തു ഒരു യാധാർത്യമായിത്തന്നെ അനുഭവിച്ചുകൊള്ളുമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. സമയം കിട്ടിയാൽ കുറച്ചു മുളച്ചു പൊന്താവുന്ന വിത്തുകളും തുമ്മിരസിക്കൻ മൂക്കിൽ പ്പൊടി തിരുകുന്നപോലെ മണ്ണിൽ പുതപ്പിച്ചുവച്ചാൽ ഗുണകരമാകും എന്നുതന്നെയാണ് വിശ്വാസം.!

കേവലം 60-70 വർഷം ആയുസ്സുള്ള- മഹാബുദ്ധിശാലികളായ നമ്മിലാരോക്കയോ ശ്രഷ്ടിച്ച പ്ലാസ്റ്റിക്‌ എന്ന മഹത് വസ്തുവിന് 1 ദശലക്ഷം  വർഷം ഭൂമിയിൽ നിലനിൽക്കാനുള്ള ആയുസ്സുണ്ട് എന്നുകേൾക്കുമ്പോൾ എത്ര ഉയരങ്ങളിൽ എത്തിയാലും കാലാകാലങ്ങളായി നിലനിൽക്കുന്ന മാനുഷികമായ അസൂയയെന്ന വികാരം മുറുകെപിടിച്ച് ഇവറ്റകളെ നമുക്കുമുന്നെ കെട്ടുകെട്ടിക്കേണ്ടതല്ലേ...!

കുറച്ചു ദിവസങ്ങളായി നിശ്ചലമായി ചുരുട്ടിപ്പിടിച്ചിരുന്ന കൈകൾ കോർത്തുപിടിച്ച്, പ്രകൃതിയെയും സർവ ചരാചരങ്ങളെയും നിലനിർത്തി നല്ല നാളെയിലേക്ക് ചുവടുവയ്ക്കുന്നവരാകുമെന്നു- ഒരേയൊരു സമ്മതിധാനാവകാശം മാത്രം സ്വന്തമായുള്ള സാധാരണ പൌരൻ പ്രത്യാശിക്കുന്നതിൽ തെറ്റുണ്ടെങ്കിൽ കാര്യ കാരണ സഹിതം തിരുത്താൻ സന്നദ്ധനാണെന്ന് വിനീതമായി അറിയിച്ചുകൊള്ളട്ടെ.!

സസ്നേഹം,
സേവനതല്പരനല്ലാത്ത
സാധാരണക്കാരൻ  

Saturday, March 19, 2016

ഉപ്പ്

ആത്മോപദേശ ശതകം തുറന്ന ഉടൻ തിരികെയടച്ചുവെച്ച് വയറു തടവി. 'പാപ്പുട്ടൻ' പണ്ട് തേരുവിളക്ക് നടക്കുംബോൾ  ഉത്സവത്തറയിൽ ഊതിവീർപ്പിക്കുന്ന ബലൂൺ പോലെ  വയറു വീർത്തു വരികയാണ്. നാരങ്ങാനീരിൽ അല്പ്പം ഉപ്പും പഞ്ചസാരയും ചാലിച്ച്  കുറച്ചു സോഡയും ചേർത്ത് സേവിച്ചാൽ സാധാരണ മാറേണ്ടാതാണ്. അടുക്കളയെന്നു പറയപ്പെടുന്ന അരയോളം ഉയർന്ന സിമെന്റ്  പ്രതലത്തിൽ ഇന്നലെ മദ്യത്തിൽ ഇറ്റിച്ച സോഡാ ബാക്കി ഇരിപ്പുണ്ട്. വടക്കോട്ട്‌ ചരിച്ചുവച്ച, തളിക മാതൃകയുള്ള ദൂരസ്പർശിനി പോലെ ഒരു കഷ്ണം നാരങ്ങായുമുണ്ട്. കട്ടുറുമ്പ് മരാമത്ത് പണികൾ നടത്തുന്ന വലിയ വാവട്ടമുള്ള തുറന്ന കുപ്പിയിൽ വടിച്ചെടുത്താൽ  കിട്ടാവുന്ന പഞ്ചസാരയും കാത്തിരിക്കുന്നു. പക്ഷെ, ഉപ്പെവിടെ? വാവട്ടം ദ്രവിച്ചടർന്ന ഉപ്പ് പാത്രം കാണുന്നില്ല. പൈപ്പിലും വെള്ളത്തിന്റെ കനിവില്ല. തെരുവിലേക്കിറങ്ങി സംഘടിപ്പിക്കാതെ തരമില്ല.

തെരുവ്, മരിപ്പുകഴിഞ്ഞ രണ്ടാം നാൾ പോലെ വിജനമാണ്. ഇരുചക്രവാഹനങ്ങളോ, കാൽനടക്കാരോ, കരുവാളിച്ചു ക്ഷീണിച്ച തെരുവ് കുട്ടികളോ, വിലപേശുന്ന കലപിലകളോ കേൾക്കാനില്ല. വിശന്നു വട്ടംപിടിച്ച് ഉറങ്ങുന്ന, പത്രം വായിക്കാത്ത തെരുവുനായ്ക്കൾ അടഞ്ഞുകിടക്കുന്ന ഷട്ടറുകൾക്കുകീഴിൽ ശുഭ പ്രതീക്ഷയോടെ കണ്ണടച്ച് കിടക്കുന്നു. മരങ്ങളില്ലാത്ത തെരുവിൽ ഒരു ഇലയനക്കാമോ വീശയടിക്കാൻ കാറ്റോ ഇല്ല. അടച്ചുകെട്ടിയ സിമെന്റ് കോട്ടകളിൽ ഞ്ഞെരുങ്ങി തെരുവിനപ്പുറം കാഴ്ചകൾ ഇല്ല.

ഉപ്പിട്ട നാരങ്ങാനീര് സേവിക്കാൻ അത്രയൊന്നും കഷ്ടപ്പെടെണ്ടിയിരുന്നില്ല, ഇന്നലെവരെയുള്ള ഭൂതകാലം ഓർത്താൽ മതിയായിരുന്നു. ജലസർപ്പങ്ങൾ കണ്ണിൽനിന്ന്  ഊർന്നിറങ്ങുമ്പോൾ ഒരു അഭ്യാസിയെപ്പോലെ ചില്ലുഗ്ലാസിൽ പിടിച്ചെടുക്കാനുള്ള മെയ് വഴക്കം മാത്രം മതിയാകും. നാരങ്ങാനീര് കൃത്യം ഗ്ലാസിന്റെ വാവട്ടത്തു വീഴ്തിക്കാൻ മാത്രമാണ് കുറച്ച് ലക്ഷ്യ ബോധം വേണ്ടത്.

വെളുത്ത ചകിരിനാരുപോലെ നീണ്ടുകിടക്കുന്ന മീശ രോമങ്ങൾ ഒതുക്കി, രണ്ടുകവിൾനീര് വരണ്ട തൊണ്ടയിലൂടെ തെന്നിച്ചപ്പോൾ, പാപ്പുട്ടന്റെ വീർത്ത ബലൂൺ പതുക്കെ ശുഷ്ക്കിച്ചു വരികയാണ്. ഇനി ആത്മോപദേശ ശതകം തുറന്ന് ഉള്ളിലേക്ക് കടക്കാം. ഭൂതകാലത്തെ ജ്ഞാനം കൊണ്ട്  ശമിപ്പിച്ച് ബോധത്തെ പ്രാകാശ പൂരിതമാക്കാൻ കഴിഞ്ഞേക്കും.  

കുറിപ്പ്‌: ഈ ഒറ്റമൂലി നിർമ്മാണം വ്യക്തിപരവും ഭൂതകാലാധിഷ്ടിതവുമാണ്. എപ്പോഴും ഫലപ്രദമാകണമെന്നില്ല. മുൻവിധിയില്ലാത്ത, കരുതൽ അറിയാത്ത ന്യൂനപക്ഷങ്ങൾ ശ്രമിക്കുന്നതിൽ തെറ്റില്ല. തെരുവുകൾ അപ്രതീക്ഷിതമായി മരണവീടാകുന്ന ഒരു നാട്ടിൽ  പ്രത്യേകിച്ചും!. 

Saturday, February 27, 2016

ഇന്ത്യൻ ഭാഷകളുടെ വീണ്ടെടുപ്പ്



2016 ഫെബ്രുവരി 20-21ന്, ശ്രീ മോഹൻ കാക്കനാടനും Passion 4 communication നും സംയുക്തമായി സംഘടിപ്പിച്ച ഇന്ത്യയിലെ പതിനാലുഭാഷകളിൽ നിന്നെത്തിയ എഴുത്തുകാർ ഭാഷയേയും സാഹിത്യത്തേയും ഇന്ത്യൻ ജീവിതത്തേയും കുറിച്ചു നടത്തിയ സംഭാഷണങ്ങൾ കൊണ്ട് ധന്യമായ ഗേറ്റ് വേ- ലിറ്റ് ഫെസ്റ്റിവൽ എനിക്ക് പുതിയൊരു പ്രത്യാശയുടെ തുരുത്ത് കാണിച്ചു തന്നു. ഇന്ത്യയിലെ തല മുതിർന്ന എഴുത്തുകാരെ ഒരുമിച്ചു കാണാനും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനും കഴിഞ്ഞു എന്നത് ധന്യമായി കരുതുന്നു.

പ്രമുഖ സംവിധായകനും എഴുത്തുകാരനുമായ അടൂർ ഗോപാലകൃഷ്ണൻ, എൻ. എസ്. മാധവൻ, സേതു, സുഭാഷ്‌  ചന്ദ്രൻ, മധുപാൽ, ആനന്ദ്‌ നീലകണ്ഠൻ, ബാലകൃഷ്ണൻ, ബിനിത മല്ലിക്, ഗുർബീർ സിംഗ്, ഹേമ നായിക്, ഹേമന്ത്  ധിവാതെ, ജയമോഹൻ, ജെറി പിന്റോ, കെ. വി. മണിരാജ്, ലക്ഷ്മൺ ഗയ്ക്ക് വാദ്, ലീനാ മണിമേഖല, മായ റാഹി, മുസ്താൻഷിർ ദെൽവി, പ്രസന്ന രാജൻ, പൂർണ്ണ ചന്ദ്ര ഹെമ്ബ്രാം, കെ. എസ്. രാമൻ, സച്ചിൻ കേധ്ഖർ, ഗന്റക്കുമങ്ങ്ജി, സംബൂർണ്ണ ചാറ്റർജി, ഷാജി വിക്രമൻ, ഷെഫാലിക വർമ്മ, സിതാൻഷ്ട്യയെശസ്സ് ചന്ദ്ര, ടി.കെ. മുരളീധരൻ, ഉദയതാരാ നായർ, സെമാൻ അസ്രൂദു, ഗൌരി ദാസൻനായർ, എം. ജി. രാധാകൃഷ്ണൻ, പ്രതിബ റായ്, തുടങ്ങിയ മഹത് വെക്തികൾ പങ്കെടുത്തു. 

സേതുവിനോടൊപ്പം.

Monday, December 7, 2015

അഖിലാണ്ഡ ബ്രഹ്മാണ്ഡം

ഒരേ ഒരു പ്രപഞ്ചമേ തല്കാലം നമുക്ക് കേട്ടറിവുള്ളൂ...കോടാനു കോടിയോ കോടാനു കോടിയിൽപ്പരമോ ജീവ ജാലങ്ങളുമുണ്ട്... എല്ലാം നില നിന്നു പോകേണ്ട ഒരുതരം സംതുലിതാവസ്ഥയോടെ സങ്ങതി നിർമ്മിക്കപ്പെട്ടു. സംതുലിതാവസ്ഥക്ക് തടസം നിന്ന ചില താല്പ്പര കക്ഷികൾ (ദിനോസർ എന്നൊക്കെ നമ്മൾ തന്നെ പേരും കൊടുത്തു.) താനേ അപ്രത്യക്ഷമായി. സംതുലിതാവസ്ഥക്ക് എപ്പോൾ കോട്ടം തട്ടുന്നുവോ അപ്പോൾ ഒരേ ഒരു പ്രപഞ്ചമല്ലേയുള്ളൂ അതിനു ഇടപെടാതിരിക്കാൻ പറ്റുമോ...? അത് മനുഷ്യന്റെ ന്യൂ ജെനറേഷൻ സിദ്ധാന്ധം കടമെടുത്ത് ഏതോ ഒരു പട്ടണത്തിൽ കുറച്ചധികം ജലം അളവുകോലുകൾ മറന്ന് നിർലോഭം വർഷിച്ചു. അവിടെ രാജാവിന്റെയോ രാജ്ഞിയുടെയോ ചിരിക്കുന്ന മുഖം സ്റ്റിക്കറിൽ ചാലിച്ച് ഭക്ഷണപ്പൊതിമേൽ ആലേഖനം ചെയ്ത്  ജീവൻ നിലനിർത്താൻ കുറച്ചുപേർ ശ്രമിക്കുബോൾ കണ്ടുനിൽക്കുന്ന മറ്റു ചിലർ മുതലകണ്ണുനീർ വീഴ്‌ത്താൻ  കഠിനമായി പരിശ്രമിക്കുന്നു. അപാര ബുദ്ധിയുള്ള പ്രത്യേക ജീവികളെ സൃഷ്ടിച്ചാൽ എന്ത് സംഭവിക്കും എന്ന് ഇതിനോടകം തന്നെ അഘിലാണ്ഡ ബ്രഹ്മാണ്ഡം എന്ന അപര നാമത്തിൽ അറിയപ്പെടുന്ന universe സ്വയം തിരിച്ചറിഞ്ഞിട്ടുണ്ടാകുമല്ലോ. (അല്ലെങ്കിൽ പിന്നെ അഘിലാണ്ഡ ബ്രഹ്മാണ്ഡം എന്നൊക്കെ കടുകട്ടിയിൽ വിളിച്ചിട്ട് വല്ല കാര്യവുമുണ്ടോ?) കൂടുതൽ വികസിത പട്ടണങ്ങളും തേടി അത് യാത്ര തുടങ്ങിയിട്ടുണ്ടാകണം...ഇങ്ങിനെയൊക്കെ ഇല്ലെങ്കിൽ എങ്ങിനെയൊക്കെയാണ് സ്വയം തിരിച്ചറിവ് ഉണ്ടാകുന്നത്...! കൂടുതൽ വികസനം സൃഷ്ടിച്ച്‌ വംശനാശം സംഭവിക്കാതിരിക്കാൻ ഇനിയും കുറച്ചു കൂടി സമയം ബാക്കി കിടപ്പുണ്ട്...! ശ്രമിച്ചാൽ നന്നകാം..!


Thursday, December 18, 2014

പരുന്തുകൾ

ഞങ്ങളിങ്ങനെ ആകാശം പാറിക്കളിക്കുകയാണ്. ചിലപ്പോൾ തുളവീണ കരിപ്പൊട്ടുപോലെ വിശാലമായ ഉയരങ്ങളിലേക്ക് ഊളിയിട്ടും,
ധൃതി പിടിക്കാത്ത ചുഴലികാറ്റിന്റെ നിഴലുപോലെ അംബര ചുംബികളോളം താഴ്ന്നു പറന്നും, ജീവിതത്തിന്റെ അർദ്ധ ശൂന്യതകളെ ഞങ്ങൾ പരിഹാസത്തിന്റെ രസച്ചരടുകളാക്കുന്നു. ആദ്യം രണ്ടോ മൂന്നോപേർ ആയിരിക്കും ഇത്തരം ഉല്ലാസ വേളകൾക്ക് തുടക്കം കുറിക്കുന്നത്. പിന്നെ ചക്രവാളത്തിന്റെ കോണുകളിൽ നിന്ന് അനേകംപേർ നിസ്വാർത്ഥതയോടെ വിടർത്തിയ ചിറകുകളുമായി കരികട്ടയിൽ കോറിയിട്ട വില്ലുപോലെ കൂട്ടം ചേർന്നു  ദീർഘ വൃത്തത്തിൽ വട്ടമിട്ടു പറന്നുതുടങ്ങുന്നു.

ഒഴിവുകാലങ്ങളിൽ മാത്രം ആകാശം നോക്കി ആനന്ദിക്കുന്ന മനുഷ്യർ, ചരടിൽ ബന്ധിച്ച കൃത്രിമ പേപ്പർച്ചിറകുകൾ ഉയർത്തി വിടരുതേയെന്ന വിചാരം ഒരു പകർച്ചവ്യാധി പോലെ ഞങ്ങളുടെ മൗനങ്ങളിൽ ഉരുണ്ടു കൂടുന്നു. നേർത്ത നൂലുകൾ കാലിലോ ചിറകിലോ കുടുങ്ങി ഞങ്ങളുടെ ആനന്ദത്തിനു ക്ഷതം സംഭവിച്ചേക്കാം. ചിലപ്പോൾ അപകടകരമാം വിധം ഭൂമിയിലേക്ക്‌ പിടഞ്ഞുവീണ് കൂട്ടത്തിലെ എണ്ണം കുറഞ്ഞേക്കാം. അപ്പോഴും ആകാശത്തിന് തിലകക്കുറിയായി ചിറകുകൾ ഒരേ താളത്തിലിളക്കി ദീർഘ വൃത്തത്തിന്റെ സാങ്കല്പ്പിക മതിലിനിടയിലെ ശൂന്യതയിൽ ഞങ്ങൾ സൗന്ദര്യം സൃഷ്ടിച്ചു കൊണ്ടേയിരിക്കും.

അപരിചിതരായ ദേശാടന പക്ഷികൾ പോലും ഒരു മാത്ര ഞങ്ങളുടെ വിഹായസിലൂടെ പറന്നുപോകാനിടയായാൽ ഞങ്ങൾതീർത്ത ആനന്ദത്തിന്റെ ചുഴിയിൽ, അപരിചിതത്വത്തിന്റെ പരിമിതികളില്ലാതെ അവർ ചിറകു വിരുത്തുന്നു. അപ്പോൾ നരച്ചകറുപ്പിലും സ്വർണ്ണ വർണ്ണ രാശിയിലും തിളങ്ങുന്ന ചിറകുകൾക്ക് പകരം ആകാശത്ത് മഴവില്ലുപോലെ സപ്തവർണ്ണങ്ങളിൽ തൂവലുകൾ വിടരുന്നു. താഴെ ഭൂമിയിൽ നിന്നും അപ്പോഴൊക്കെ മനുഷ്യ മരങ്ങൾ യന്ത്രങ്ങളിൽ  നിന്നും വെടിയുണ്ടകൾ ചീറ്റിക്കുമ്പോഴും വർണ്ണ രാജിയിൽനിന്നും ചില ഇതളുകൾ കൊഴിഞ്ഞു താഴേക്കു പതിക്കുമ്പോഴും അവശേഷിക്കുന്ന ചിറകുകൾ,  ദീർഘ വൃത്തത്തിന്റെ മുറിഞ്ഞുപോയ മുനമ്പുകളെ ബന്ധിപ്പിക്കാൻ ശ്രമിച്ചു കൊണ്ട് വട്ടമിട്ടുകൊണ്ടേയിരിക്കും! ഉറ്റവരുടെ തകർച്ചയിൽപ്പോലും മനുഷ്യ ജീവികളെപ്പോലെ അലറിക്കരയുകയോ, കൂട്ടം കൂടി സഹതപിക്കുകയോ ഞങ്ങളുടെ സഹജ വാസനയല്ല. ആഗ്രഹങ്ങളെ ഞങ്ങൾ പരിപോഷിപ്പിക്കാത്തതിനാൽ പ്രകൃതി കല്പിതമായ എല്ലാറ്റിനേയും അതിന്റെ സ്വാഭാവികതയ്ക്ക് വിട്ടുകൊടുത്ത് ചിറകു വിടർത്തി വിഹായസിൽ ഒരു പ്രതിഭാസമായിതന്നെ  പാറിക്കൊണ്ടേയിരിക്കും.

ഞങ്ങളിങ്ങിനെ കൂടിച്ചേർന്ന് വട്ടമിട്ടുകൊണ്ടിരിക്കുമ്പോൾ പടിഞ്ഞാറേ ചരുവിലെ അത്ഭുതമായ സൂര്യൻ, ചുട്ടുപഴുത്ത ഒരു സ്വർണ്ണത്തളികപോലെ താഴുമ്പോഴും പിന്നീട് കിഴക്ക് മേലാപ്പഴിച്ച് പൊന്തുമ്പോഴും ഇങ്ങിനെ ഉല്ലാസത്തോടെ ഞങ്ങൾ വട്ടമിട്ടു പറക്കും..! നിത്യത്ഭുതം കണ്ടു നൃത്തം ചവിട്ടി താഴെ ഭൂമിയിലേക്ക്‌ അല്പമൊന്നു ചരിഞ്ഞു പറന്ന് പാളി നോക്കിയാൽ കൂറ്റൻ പുകക്കുഴലുകളും അച്ചിട്ടു നിരത്തിയ മനുഷ്യ നിർമിതികളും മാത്രമേ ഞങ്ങൾ കാണാറുള്ളൂ. അവർക്ക് നഷ്ടപ്പെട്ട്പോയ ഇത്തരം ദിവ്യ ദർശന മോർത്ത് പരിതപിക്കാതെ അപ്പോഴും ചിറകുകൾ വിടർത്തി ഒരു പരന്ന പ്രതലത്തിലെന്നപോലെ സമയക്രമങ്ങളുടെ വിലങ്ങു തടികളില്ലാതെ ഞങ്ങൾ ഒഴുകി നടക്കും!

വിശപ്പ്‌ നാമ്പു നീട്ടുമ്പോൾ ഭൂമിയിലേക്ക്‌ കൂർത്ത കണ്ണുകളിളക്കി പാളിനോക്കാൻ ഞങ്ങൾ ഇപ്പോൾ മനപൂർവ്വം  ശ്രമിക്കാറില്ല. കൃത്രിമ നിർമിതികളുടെയിടയിലെ അരിപ്പുപോലുള്ള ഭൂമിയുടെ ശുഷ്കിച്ച പ്രതലങ്ങളിൽ ഒരു കോഴികുഞ്ഞിനേയോ എലി കുഞ്ഞൻ മാരേയോ പുഴുക്കളെയോ പാമ്പുകളേയോ തേടുന്നത് വ്യർത്ഥമാണെന്ന് കാലാ കാലങ്ങളിലായി ഞങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. വിശപ്പിന്റെ താളം തലച്ചോറിൽ ആനന്ദത്തിന്റെ നിത്യതയായി പരിണമിച്ചിരിക്കുന്നതിനാൽ ഒഴിഞ്ഞൊട്ടിയ വയറുകൾ ഞങ്ങളെ കൃത്യ വിലോപത്തിലേക്കോ കൊടും ക്രൂരതയിലേക്കോ നയിക്കുന്നില്ല. ഞങ്ങളിങ്ങനെ ആകാശത്തിൽ വട്ടമിട്ട് അപകടകരമല്ലാത്ത കറുത്ത ഒരു ചുഴിയായി തുടിച്ചുകൊണ്ടേയിരിക്കും

നിത്യവും ഒരു അംബര ചുംബിയുടെ നെറുകയിൽ ചലിക്കാൻ കഴിയുന്ന ഒരു മനുഷ്യമരം ഞങ്ങളുടെ കാഴ്ച്ചയുടെ അറ്റത്ത്‌ ഒരു നിഴലായി കാണപ്പെട്ടു തുടങ്ങിയത് വളരെ കഴിഞ്ഞാണ്. ഉല്ലാസത്തിൽ  മനസുനിറഞ്ഞ്‌ കാഴ്ച്ചക്കാരൻ ക്രമേണ ഞങ്ങളിലൊരു അംഗമായി പരിണമിച്ച് ചിറകുവിടർത്തി വട്ടമിട്ടു തുടങ്ങിയപ്പോഴും ദീർഘവൃത്തം അതിഭാവുകത്വമില്ലാതെ, ധൃതി പിടിക്കാത്ത ചുഴലിക്കാറ്റിന്റെ നിഴലുപോലെ ഒരു പ്രതിഭാസമായി ഇതാ- വലംവച്ച് പറന്നു കൊണ്ടേയിരിക്കുന്നു.